Friday, June 20, 2008

കൊതുകു്,മലയാളി,ചിക്കുന്‍ഗുനിയ

കൊതുകുകള്‍ പരിണാമത്തിന്റെ മകുടവും അതിശക്തിമാനും ശാസ്ത്രീയമായിത്തന്നെ മലമൂത്രവിസര്‍ജ്ജനവും മുലയൂട്ടലും ശീലമാക്കിയവനും ബുദ്ധിജീവിയുമായ മലയാളിയെ കഴിഞ്ഞ ഒരു മാസത്തിലേറെയായി നന്നായൊന്നു വിരട്ടി.കൊതുകുകള്‍ പണ്ടേയുണ്ട്.അവയുടെ ആഹാരം മനുഷ്യരക്തമല്ല.പക്ഷെ പെണ്‍കൊതുകിന് അണ്ഡാശയങ്ങള്‍ വികസിക്കണമെങ്കില്‍ ചുവന്ന രക്തത്തിലെ ചില ഘടകങ്ങള്‍ അത്യാവശ്യമാണ്.അതുകൊണ്ട് അവയ്ക്ക് മനുഷ്യരുടെ ചോര കഴിച്ചേ തീരൂ.

കുട്ടനാട്ടില്‍ ജനിച്ച് ബാല്യകാലം അവിടെ ചെലവഴിച്ച എനിക്ക് കൊതുകിനെ പരിചയം ഉണ്ട്.പാടങ്ങളില്‍ വെള്ളം നില്‍ക്കുന്ന ഒന്നോ രണ്ടോ മാസം കുട്ടനാട്ടില്‍ കൊതുകു 'ശല്യം' ഉണ്ടാകാറുണ്ടായിരുന്നു.ഇക്കാലത്ത് കൊതുകുകളുടെ കുഞ്ഞുങ്ങളെ - കൂത്താടി എന്ന ഓമനപ്പേരുണ്ട് അവയ്ക്ക് - ജലത്തിലെ ചില കുഞ്ഞുമത്സ്യങ്ങളും തുമ്പിയുടെ കുഞ്ഞുങ്ങളും ചേര്‍ന്ന് കൊന്നൊടുക്കുന്നു.രക്ഷപ്പെടുന്നവര്‍ ഒടുവില്‍ കൊതുകുകളായി പറന്നുയരുമ്പോള്‍ അവയെ തിന്നാന്‍ ലക്ഷക്കണക്കിന് തവളകള്‍ ഉണ്ടാകും.പിന്നെ മേലോട്ടു പറക്കുന്നവയെ പ്രധാനമായും തിന്നുതീര്‍ക്കുന്നത് തുമ്പികളും അവയ്ക്കു മേലെ പറക്കുന്ന ശരപ്പക്ഷികളുമത്രെ.ഇവയെല്ലാം പ്രകൃതിയില്‍ കൊതുകിന്റെ എണ്ണം നിയന്ത്രിക്കുന്ന ഘടകങ്ങളായിരുന്നു.പന്ത്രണ്ടുമാസവും 365 ദിവസവും രാവും പകലും മനുഷ്യനെ കുത്തിത്തുളക്കുന്ന കൊതുകുകള്‍ അന്ന് ഉണ്ടായിരുന്നില്ല.

പിന്നീട് ഇന്ത്യ സ്വതന്ത്രമായി,നമ്മളും നമ്മള്‍ തെരഞ്ഞെടുത്ത നേതാക്കളും,അവരെ നിരന്തരമായി ഉപദേശിച്ചിരുന്ന പ്രകൃതിയുടെ പദ്ധതികളെപ്പറ്റി ഒട്ടും അറിയാതിരുന്ന ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് ആധുനിക കാര്‍ഷിക രീതി കൊണ്ടുവന്നു.കീടസംഹാരത്തിന്റെ പേരില്‍ വെള്ളത്തിലെ മീനുകളെയും,തുമ്പിക്കുഞ്ഞുങ്ങളെയും,തവളകളെയും,തുമ്പികളെയും,ശരപ്പക്ഷികളെയും കൊന്നൊടുക്കി.കൊതുകുകള്‍ക്ക് ശത്രുക്കള്‍ ഇല്ലാതായി.അവ സന്തോഷിച്ച് ആര്‍ത്തുല്ലസിച്ചു.

കൂടതെ ആധുനിക കക്കൂസുകള്‍ - സെപ്റ്റിക് ടാങ്കുകള്‍ - നിലവില്‍ വന്നു.ഫാഷനായി.അങ്ങനെ മലം ടാങ്കുകളില്‍ സംരക്ഷിക്കപ്പെട്ടു. ഇവ കോണ്‍ക്രീറ്റ് പലക കൊണ്ട് കാറ്റ് (കൊതുകും) കടക്കാത്ത വിധം സീല്‍ ചെയ്യണമെന്നും ടാങ്കുകള്‍ക്ക് പൈപ്പു വേണമെന്നും,പൈപ്പിന്റെ മുഖം കൊതുകുവലകൊണ്ട് മൂടിക്കെട്ടണമെന്നും ഉപദേശം വന്നു.ആധുനിക കക്കൂസിന്റെ സുഖം അനുഭവിച്ചവര്‍ കൊതുക് വര്‍ദ്ധിക്കാതിരിക്കാനുള്ള ഈ മൂന്നു സംവിധാനങ്ങളും മറന്നു.വിസര്‍ജ്ജിക്കുന്ന പാത്രത്തിലെ മലവും വെള്ളവും ടാങ്കില്‍ നിറയുന്നു.കൊതുകുകള്‍ ആ പാത്രത്തില്‍ മുട്ടയിട്ടു.അതുകൊണ്ട് ആ മുട്ടയും ടാങ്കില്‍ ചെന്നു ചേര്‍ന്നു.അവിടെ കൂത്താടികള്‍ക്ക് സ്വാദിഷ്ടവും പോഷകസമ്പന്നവുമായ ആഹാരം.ആഹാരലഭ്യത കൂടുന്നതനുസരിച്ച് ജനസംഖ്യപെരുപ്പം എന്ന നിയമത്തില്‍ നിന്ന് കൊതുകിനെ ഒഴിവാക്കിയിട്ടില്ലല്ലോ!

ഇതോടൊപ്പം കേരളീയന് 'വലിച്ചെറിയല്‍ സംസ്ക്കാരം' എന്ന രോഗവും പിടിപെട്ടു.കണ്ടമാനം വലിച്ചെറിയുന്ന കൂടുകളും,പാത്രങ്ങളും,ജലം കെട്ടിനില്‍ക്കുന്ന മറ്റ് സാമഗ്രികളും കൊതുകുകള്‍ക്ക് ഒന്നാന്തരം നീന്തല്‍ക്കുളങ്ങളും പിള്ളത്തൊട്ടികളും സമ്മാനിച്ചു.പ്രകൃതി നിയന്ത്രിച്ചു പോന്ന കൊതുകിന്റെ ജനസംഖ്യാവിസ്ഫോടനം നിയന്ത്രിക്കാന്‍ മനുഷ്യന് സാദ്ധ്യമല്ല എന്ന് പണ്ടേ തെളിഞ്ഞതാണ്.1940 - കളില്‍ കൊതുകിനെ കൊല്ലാന്‍ ഡി.ഡി.ടി. വ്യാപകമായി അടിക്കാന്‍ തുടങ്ങി.ഡി.ഡി.ടിയോട് പ്രതിരോധശേഷിയുള്ള കൊതുകുകളുടെ വികസനമായി ഇതിന്റെ ഫലം.

കേരളത്തില്‍ നമുക്ക് മുഖ്യമായും മൂന്നുതരം കൊതുകുകളായിരുന്നു ഉണ്ടായിരുന്നത്.മലമ്പനി പരത്തുന്ന അനോഫലിസ്,മന്ത് പരത്തുന്ന ക്യൂലക്സ്,ചേര്‍ത്തല മന്ത് പരത്തുന്ന ഈഡിസ് എന്നിവ.മലമ്പനിയുള്ള സ്ഥലങ്ങളില്‍ മഞ്ഞപ്പനി വരില്ലത്രെ.അതുകൊണ്ട് മലമ്പനി നിര്‍മ്മാര്‍ജ്ജനം ചെയ്യുമ്പോള്‍ നാം അതിലും ഭീകരനായ മഞ്ഞപ്പനിയെ സ്വീകരിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.കേരളത്തില്‍ ഈഡിസിന്റെ പൊടുന്നനവെയുള്ള ജനസംഖ്യാവിസ്ഫോടനം നടക്കുന്നതായി കേള്‍ക്കുന്നു.ഇത്രയുമാണ് കൊതുകുപുരാണം.പ്രകൃതിയിലേക്ക് മടങ്ങുകയും നാം നശിപ്പിച്ചുകളഞ്ഞ കൊതുകുനിയന്ത്രണത്തിനുള്ള ഘടകങ്ങളെ തിരികെകൊണ്ടുവരികയുമല്ലാതെ രക്ഷക്ക് മറ്റൊരു മാര്‍ഗ്ഗവും കാണുന്നില്ല.


[ശംഖൊലി പ്രസാദം നവംബര്‍ 2006]

1 comment:

OAB/ഒഎബി said...

മനുഷ്യരുടെ ചോര തന്നെ വേണൊ?